സർക്കാരിന്റെ കലാകാര ക്ഷേമനിധി അംഗത്വം, അംഗങ്ങൾക്കായ് വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ മുതലായവയും നടപ്പാക്കിയിട്ടുണ്ട്. മരുന്ന്, ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ്, പഠനോപകരണ സഹായ വിതരണം, രക്തദാനം എന്നിവയും സമൂഹത്തിനടക്കം സംഘടന നൽകി വരുന്നു. അധ്യയന വർഷത്തിന്റെ ഭാഗമായുള്ള പ്രവേശനോത്സവം, പ്രളയ ദുരിതാശ്വാസം പോലെയുള്ളവയിൽ ഭരണകൂടവുമായി ചേർന്നു പ്രവർത്തിക്കുകയുണ്ടായി. വയോജനങ്ങൾക്കായ്, പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിൽ അവരുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനായ് “സംഗീത സാന്ത്വനം” എന്ന പേരിൽ പ്രത്യേക പരിപാടികൾ നടത്തിയിട്ടുണ്ട്.
അംഗങ്ങളുടെ പരിപാടികളിൽ നിന്നും, മറ്റ് ജോലികളിൽ നിന്നുമുള്ള വരുമാനത്തിന്റെ ഒരു ഭാഗം നീക്കിയിരുപ്പായി സൂക്ഷിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾക്കായുള്ള തുക കണ്ടെത്തുന്നത്. കൂടാതെ സമൂഹത്തിലെ “സുമനസ്സുകളുടെ നിസ്സീമ പിന്തുണയാലും”. കേരളത്തിന്റെ സംഗീത, സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ ബഹുമാന്യ വ്യക്തിത്വങ്ങളാണ് സായുടെ മാർഗ്ഗദർശികളായിട്ടുള്ളത്. സാധാരണക്കാരുടെ ജീവിതാഘോഷങ്ങളിലെ നിറസാന്നിധ്യമായ ഒരു കൂട്ടം പാട്ടുകാർ അടങ്ങുന്ന ഒരു കൂട്ടമാണിത്. അതുകൊണ്ടു തന്നെ ഞങ്ങളുടെ പ്രവർത്തനങ്ങളും തീർത്തും സാധാരണമായിരിക്കും. നാളിതുവരെ ഞങ്ങളുടെ പാട്ടുകൾക്ക് കാതോർത്ത, കയ്യടിച്ച, പ്രോത്സാഹിപ്പിച്ച, അനുഗ്രഹിച്ച സമൂഹത്തിന്റെ സമക്ഷം ഞങ്ങൾ ഈ കൂട്ടായ്മയും സമർപ്പിക്കുകയാണ്.
സ്വീകരിക്കണമെന്ന അഭ്യർത്ഥനയോടെ